കൊച്ചി: എറണാകുളം നോര്‍ത്ത് ഇഎസ്ഐ ആശുപത്രിയുടെ ദയനീയാവസ്ഥ പരിഗണിച്ച്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 100 കിടക്കകളുള്ള പുതിയ ആശുപത്രി നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. നോര്‍ത്തിലെ കെട്ടിടം കാലപ്പഴക്കവും സ്ഥലപരിമിതിയും കൊണ്ട് ഭാവിയിലെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭാ കരന്തലജെ ലോക്സഭയില്‍ അറിയിച്ചു.
എറണാകുളത്തെ ഇഎസ്ഐ ആശുപത്രികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച ഹൈബി ഈഡന് എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
നോര്‍ത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റിനാണ്. പദ്ധതിയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 232 കോടി രൂപയാണ് നിര്‍മാണച്ചെലവ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ കണ്‍സെപ്റ്റ് പ്ലാന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്പറേഷന് ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നോര്‍ത്തിലെ ഇഎസ്ഐ ആശുപത്രികള്‍ നേരിടുന്ന ഗുരുതരമായ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്ന് ഹൈബി കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍ ഉണ്ടായത്.